29 April 2018

തോമസ് നീ എവിടെയായിരുന്നു...???!!!




ഉത്ഥിതനായ രക്ഷകൻ
നിന്നെത്തേടി വന്നപ്പോൾ 
തോമസ്, നീ എവിടെയായിരുന്നു?

സമാധാനത്തിന്റെ സന്ദേശവുമായ് 
രാജാവെഴുന്നള്ളിയപ്പോൾ 
തോമസ്, നീ എവിടെയായിരുന്നു?

യഹൂദരെ ഭയന്ന് കതകടച്ചിരുന്നവരുടെ മേൽ 
അവിടുന്ന് ആത്മാവിനെ നിശ്വസിച്ചപ്പോൾ
തോമസ്, നീ എവിടെയായിരുന്നു?

പാപബന്ധനത്തിന്റെ മോചനാധികാരം 
ഹൃദയസ്പൃക്കായി കൈമാറിയപ്പോൾ 
തോമസ്, നീ എവിടെയായിരുന്നു?

മനസ്സിലുടക്കിയ ചോദ്യങ്ങൾക്കു മുൻപിൽ 
നൊമ്പരത്തോടെ നീ നിൽക്കുന്നത് 
തോമസ്, വേദനയോടെ ഞാൻ കാണുന്നു!

'വഴി നിങ്ങൾക്കറിയാം' എന്ന് പറഞ്ഞവന്റെ പിറകെ
വഴി തേടി ഇറങ്ങി പുറപ്പെട്ടതാണോ നീ 
അതോ,   വഴി തെറ്റി അലയുകയായിരുന്നു?

'നമുക്കും അവനോടു  കൂടെ മരിക്കാൻ പോകാം'
എന്ന് ശിഷ്യരെ ധൈര്യപ്പെടുത്തിയ നീ 
മരിച്ചവന്റെ പുറകെ യാത്രയായതാണോ?

ഒന്നു ഞാനറിയുന്നു, ഇന്നു തിരിച്ചറിയുന്നു 
കൂടെ നടന്നവൻ നിന്നെ മാറോടു ചേർത്തിരുന്നു 
അവന്റെ മുറിവിൽ നിന്റെ രക്തം കലർന്നിരുന്നു!

കാരിരുമ്പാണികൾ ആഴ്ന്നിറങ്ങിയ 
അവന്റെ കൈകൾ ഒന്നു ചുംബിക്കുവാൻ 
വെമ്പുന്ന നിന്റെ മനസ്സ് ഞാൻ കാണുന്നു 

കുന്തമുന തുളഞ്ഞു കയറിയ 
അവൻറെ പാർശ്വത്തോടു ചേർന്നു  നിൽക്കാൻ
കൊതിക്കുന്ന നിന്നെ വിധിക്കില്ല ഞങ്ങൾ 

സംശയിക്കുന്ന തോമായെന്നു പരിഹസിക്കുമ്പോൾ 
നിന്റെ ഹൃദയം നുറുങ്ങുന്നത് 
തോമസ്, ആർദ്രതയോടെ ഞാനറിയുന്നു.

കാതങ്ങൾ താണ്ടി, കടലുകൾ കടന്ന് 
ഭാരതത്തിൽ വചനവിത്തു പാകിയ 
നിന്നെയറിയുവാൻ ഞങ്ങൾ വൈകുന്നുവോ?!!