Showing posts with label Mother Mary. Show all posts
Showing posts with label Mother Mary. Show all posts

30 May 2020

അമ്മേ...! നീ മാത്രമെൻ ജീവിതം...!!


എൻറെ  ദുരിത വേനലിൽ
പെയ്തിറങ്ങിയ കുളിർ മഴയായ് 
അമ്മേ, നിൻ സ്നേഹസാന്ത്വനം 
മുറിവേറ്റു പിടയുന്നൊരാത്മാവിൻ ഗദ്ഗദം
നെഞ്ചോടു ചേർക്കുന്ന സ്നേഹസ്പർശം! 

സഹനത്തിൻ ആഴമാം രഹസ്യങ്ങളിൽ
ഉഴലുന്നൊരാത്മാവിൻ അശാന്തതയിൽ 
അമ്മേ നിൻ ആർദ്രമാം മനസ്സിൻറെ നൊമ്പരം
ഹൃദയത്തിൽ ആത്മീയ മുദ്ര  ചാർത്തി 
എന്നെ നിൻ മാറോടു ചേർത്തു പാടുന്നു:
അമ്മേ, നീ മാത്രമെൻ ആശ്രയം!!

കാൽവരി ക്രൂശിലേക്കേറുന്ന യാത്രയിൽ 
ഊർജ്ജമായ്  നീയെന്നരികിൽ വേണം 
അമ്മേ നിൻ സാമീപ്യലഹരിയിൽ ഞാൻ 
സഹനങ്ങൾ സർവ്വതും സ്വന്തമാക്കി 
കുരിശോടു ചേർത്തെന്നെ നല്കിടുമ്പോൾ
അമ്മേ, നീ മാത്രമെൻ സാന്ത്വനം!!

ഇനിയുമീ യാത്രയിൽ കൂടെ വേണം 
താങ്ങായി തണലായി ചാരെ വേണം 
അമ്മേ നിൻ സ്നേഹത്താൽ നിറയട്ടെ ഞാൻ 
നിൻ ജീവനെന്നിൽ ജ്വലിച്ചിടട്ടെ
നിൻ സ്നേഹമെന്നിൽ തളിർത്തിടട്ടെ 
അമ്മേ, നീ മാത്രമെൻ ജീവിതം!!!