14 July 2020

A Hymn on the SERVANT OF GOD Archbishop Mar Ivanios

          
കലുഷിത സഭയെ നേരിൽ നയിച്ച് ഒന്നായ് ചേർത്ത 
മോർ ഇവാനിയോസ് തൻ ഓർമ്മദിനം പാരം ശ്രേഷ്ഠം
കാതോലികവും ഏകവിശുദ്ധം ശ്ലൈഹീകവുമാം 
സഭയെ വരിച്ച് നേർവഴി കാട്ടിയ ഭാരതന്യുമാൻ

മുണ്ടൻമലയിൽ ബഥനി കൊളുത്തിയ ഐക്യദീപം 
മലങ്കരയാകെ പൊന്നൊളി തൂകി  വിരാജിക്കുന്നു 
ഭാരതമാകെ സുവിശേഷത്തിൻ സന്ദേശവുമായ് 
ക്രൈസ്തവ കാഹളധ്വനിയായ് ഇന്നു മുഴങ്ങീടുന്നു 

ജീവിത വിശുദ്ധിയും കർമ്മോത്സുകതയും ഒന്നായ് ചേർന്ന 
താതൻ ഇവാനിയോസ് വിശുദ്ധർ മദ്ധ്യേ വിരാജിക്കട്ടെ!
സ്വർഗ്ഗപിതാവേ! പുണ്യപിതാവിൻ ഓർമ്മദിനത്തിൽ 
ഞങ്ങളണയ്ക്കും  സ്നേഹാർച്ചന  കൈക്കൊള്ളേണമേ!! 

30 May 2020

അമ്മേ...! നീ മാത്രമെൻ ജീവിതം...!!


എൻറെ  ദുരിത വേനലിൽ
പെയ്തിറങ്ങിയ കുളിർ മഴയായ് 
അമ്മേ, നിൻ സ്നേഹസാന്ത്വനം 
മുറിവേറ്റു പിടയുന്നൊരാത്മാവിൻ ഗദ്ഗദം
നെഞ്ചോടു ചേർക്കുന്ന സ്നേഹസ്പർശം! 

സഹനത്തിൻ ആഴമാം രഹസ്യങ്ങളിൽ
ഉഴലുന്നൊരാത്മാവിൻ അശാന്തതയിൽ 
അമ്മേ നിൻ ആർദ്രമാം മനസ്സിൻറെ നൊമ്പരം
ഹൃദയത്തിൽ ആത്മീയ മുദ്ര  ചാർത്തി 
എന്നെ നിൻ മാറോടു ചേർത്തു പാടുന്നു:
അമ്മേ, നീ മാത്രമെൻ ആശ്രയം!!

കാൽവരി ക്രൂശിലേക്കേറുന്ന യാത്രയിൽ 
ഊർജ്ജമായ്  നീയെന്നരികിൽ വേണം 
അമ്മേ നിൻ സാമീപ്യലഹരിയിൽ ഞാൻ 
സഹനങ്ങൾ സർവ്വതും സ്വന്തമാക്കി 
കുരിശോടു ചേർത്തെന്നെ നല്കിടുമ്പോൾ
അമ്മേ, നീ മാത്രമെൻ സാന്ത്വനം!!

ഇനിയുമീ യാത്രയിൽ കൂടെ വേണം 
താങ്ങായി തണലായി ചാരെ വേണം 
അമ്മേ നിൻ സ്നേഹത്താൽ നിറയട്ടെ ഞാൻ 
നിൻ ജീവനെന്നിൽ ജ്വലിച്ചിടട്ടെ
നിൻ സ്നേഹമെന്നിൽ തളിർത്തിടട്ടെ 
അമ്മേ, നീ മാത്രമെൻ ജീവിതം!!!

02 May 2020

കുരിശിന്റെ നിഴലിൽ....!!!




മനസ്സിൻ മുറിവുകൾ മൗനത്തിൽ ചാലിച്ച് 
കുരിശിന്റെ നിഴലിൽ നിൽക്കുന്നു ഞാൻ 
ഹൃദയത്തിനുള്ളിലൊരൾത്താരയിൽ 
ബലിപീഠമൊരുക്കി ഞാൻ കാത്തിരിപ്പൂ 

കനിയേണമേ എന്നിൽ അലിയേണമേ 
പാപങ്ങളെല്ലാം പൊറുക്കേണമേ 
എഴുന്നള്ളണേ എന്നിൽ നിറയേണമേ 
വേദനയെല്ലാം സുഖമാക്കണേ 

കരുണാർദ്രസ്നേഹം കുരിശിൽ നിന്നൊഴുകി 
ഹൃദയത്തിൽ നിറയുന്ന നിമിഷം 
അണപൊട്ടിയൊഴുകുമീ മിഴിനീർകണങ്ങൾ 
തൃപ്പാദേ അർപ്പിച്ചു കേഴുന്നു ഞാൻ 

കുരിശിലെ നോവാൽ പാപങ്ങൾ കഴുകി 
മാറോടു ചേർത്തെന്നെ പുല്കി 
പ്രാണൻ വെടിയും നിമിഷമെൻ ഹൃദയത്തിൻ 
അൾത്താരയിൽ ഞാനും ബലിയായ്